SEARCH


Karthika Chamundi Theyyam (കാർത്തിക ചാമുണ്ടി തെയ്യം)

Karthika Chamundi Theyyam (കാർത്തിക ചാമുണ്ടി തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കടത്ത് വഞ്ചിയിലൂടെ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്. അപ്പോഴേക്കും അക്കരെയുള്ള കാലിച്ചാൻ കാവിൽ കാലിച്ചാൻ ദൈവം ഉറഞ്ഞാടി തെയ്യങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരിക്കും. കാവിലെത്തിയ തെയ്യങ്ങൾ കാലിച്ചാനുമായി സംഭാഷണത്തിലേർപ്പെടുകയും മഞ്ഞൾക്കുറി നൽകി ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യും. തുടർന്ന് സമീപ പ്രദേശങ്ങളിലെ ചില വീടുകളും സന്ദര്ശിച്ച് അനുഗ്രഹം നൽകിയ ശേഷമേ തെയ്യങ്ങൾ തിരിച്ചു കാവിലേക്കു പുറപ്പെടുകയുള്ളൂ
അരിവിതച്ച്‌ അരയിയെ സമൃദ്ധമാക്കിയ അരയി ചാമുണ്ടി അരയി പുഴകടന്നത്‌ ഭക്തർക്ക്‌ നിർവൃതിയായി. വടക്കേമലമ്പാറിലെ തെയ്യങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ അരയി കാർത്തിക കാവിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ്‌ കാർത്തിക ചാമുണ്ടിയും കാലിച്ചേകവനും തോണി കടന്ന്‌ അരയിലെ കൃഷിയിടങ്ങൾ നോക്കി കണ്ടത്‌. വിത്ത്‌ വിതക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തെയ്യത്തെ ആശ്രയിക്കുന്ന വടക്കേമലബാറിലെ തെയ്യാട്ടത്തിന്‌ തുടക്കം കുറിച്ചാണ്‌ അരയിയിലെ വയലുകൾ സന്ദർശിക്കാൻ തെയ്യങ്ങൾ പുറപ്പെട്ടത്‌. വയലുകളുടേയും കൃഷിയുടേയും സംരക്ഷകയാണ്‌ കാർത്തിക ചാമുണ്ഡിയും തേയ്യത്തുകാരിയുമെന്നാണ്‌ വിശ്വാസം. ഇവർക്കൊപ്പം ഗുളികൻ തെയ്യവും കൂടെ ചേർന്നാണ്‌ തോണിയിൽ കാലിച്ചേകവനെ കാണാനെത്തുന്നത്‌. വളർത്തുമൃഗങ്ങളുടെ സംരക്ഷകനാണ്‌ കാലിച്ചേകവൻ തെയ്യം.
കാർത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന്‌ ദീർഘസംഭാഷണം പൂർത്തിയാക്കി ഭക്തരെ തെയ്യങ്ങൾ അനുഗ്രഹിച്ചു. തെയ്യങ്ങൾ തോണിയേറി വരുന്ന കാഴ്ച കാണാനായി അരയീ പുഴയുടെ തീരത്ത്‌ നിരവധി ആളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഈശ്വരസങ്കൽപ്പത്തെ പ്രകൃതിയുമായി ചേർത്തുകാണുന്നതാണ്‌ ചാമുണ്ഡി-കാലിച്ചേകവൻ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാൻ കഴിയാതിരുന്ന കാലത്തെ ഓർമ്മപ്പെടുത്തൽ കൂടിയാണ്‌ തെയ്യങ്ങളുടെ കണ്ടുമുട്ടൽ. കളിയാട്ടത്തിന്‌ ശേഷമാണ്‌ ഇവിടെ കൃഷിപ്പണികൾക്ക്‌ തുടക്കമാകുക





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848